Saturday, February 17, 2018

ഇൻക്വിലാബുകൾ വിൽക്കുവാൻ ഉണ്ടിവിടെ!!!

ഇൻക്വിലാബുകൾ
വിൽക്കുവാൻ ഉണ്ടിവിടെ !!
***********************

ഇൻക്വിലാബുകൾ വിൽക്കുവാൻ ഉണ്ടിവിടെ !
ഇൻ ക്വിലാബിന്റെ മക്കളെ കേട്ടുവോ
ഇൻ ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
മരുപ്പച്ച പൂക്കുമീ മണൽകാടുകൾക്കുള്ളിൽ ഇൻക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
ജീവിതപച്ചയിലേക്കെത്തി നോക്കുവാൻ ഇന്നലെകളിൽ നെഞ്ചിലോരൂറ്റമായ്  ആർത്തു വിളിച്ചൊരാ ഇൻക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !

നെഞ്ചിലാരോ കനൽ കുന്നു കൂട്ടുമ്പോളും
ഉള്ളു പൊള്ളി പിടഞ്ഞു തീരുമ്പോളും
ചങ്കുപൊട്ടുമാറുച്ചത്തിൽ വിളിച്ചൊരാ ഇൻക്വിലാബുകൾ  വിൽക്കുവാനുണ്ടിവിടെ  !
ഇന്നലെയെന്റെ അച്ഛനെയൂറ്റി
കീശ വീർപ്പിച്ചോരാ  നേതാക്കളുണ്ടിവിടെ  !
കോടികൾ കൊണ്ടു കൊടിമരം തുന്നുവാൻ തൻ അച്ഛനെ വിറ്റ  സഖാക്കളാം മക്കളുണ്ടിവിടെ !
 ഇന്ക്വിലാബിന്റെ മക്കളെ കേട്ടുവോ ഇന്ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !

കാരിരുമ്പിൻ കരുത്തല്ല , പൊള്ളുന്ന വെയിലേറ്റ് കറുത്തവർ
കോരനും , കോമനും , ചീരുവും , ചിരുതയും
നല്ല നാളേക്കായ് സ്വപ്നങ്ങൾ കണ്ടുറക്കെ  വിളിച്ചോരാ ഇന്ക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !
എണ്ണി വെട്ടി ചോര ചീന്തുന്നൊരാ
പാർട്ടി വളർത്തുവാൻ  ആശയം വിൽക്കുന്ന ഇന്ക്വിലാബിന്റെ മക്കളെ കേട്ടുവോ
ഇന്ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
കോടീശ്വരൻമാർ  വരിയായി നിൽക്കുവിൻ ഇന്ക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !!!!

-അഖിൽ ജയചന്ദ്രൻ
__

Monday, February 5, 2018

ഇര

ഇര
*************
പതഞ്ഞൊഴുകുന്ന  തോടിനരികിൽ ചൂണ്ടയിൽ ഞാഞ്ഞൂൽ  കോർക്കാൻ നോക്കുവായിരുന്നു അമ്മു . തോട്ടിലൂടെ ഒഴുകുന്ന കലക്കവെള്ളത്തിൽ നിന്നും മീനുകൾ അവളെ തലപൊക്കി നോക്കി . അമ്മയും അച്ഛനും വരുമ്പോളേക്കുമിന്നു രണ്ടെണ്ണത്തെയെങ്കിലും പിടിക്കണം .. ആ ചെക്കന്മാർക്കൊക്കെ എത്രയാ കിട്ടുന്നെ . ഇന്നലെ ആണ് ഞാഞ്ഞൂലിനെ കോർക്കുന്ന വിദ്യയവൾ പഠിച്ചെടുത്തത് . ഞാഞ്ഞൂലിനെ പിടിക്കാൻ പെട്ട പാട് .. മുത്തശ്ശിയുടെ ചീത്ത വേറെയും ..

ചൂണ്ടൽ തോട്ടിലേക്ക് ഇട്ടവൾ  കാത്തിരുന്നു .അമ്മയെങ്ങാൻ ഇത് കണ്ട്  വന്നാലിന്നു തീർന്നു . "പെണ്ണ് അഞ്ചാം ക്ലാസ്സിലാണെന്നു ഒരു ബോധോം ഇല്ല..ആകെ കിട്ടുന്ന ശനിയും ഞായറും  വല്ലതും പഠിച്ചൂടെ " എന്നൊക്കെ പറഞ്ഞു തുടങ്ങും . അപ്പോളും അച്ഛൻ ആണ് പറയാ "അവൾ കളിച്ച നടക്കട്ടെടീ  ഇപ്പൊ ഓടിച്ചാടി നടന്നില്ലെങ്കിൽ ഇനിയെപ്പോളാ ?" അത് കേൾക്കുമ്പോ അമ്മയൊന്നു ഒതുങ്ങും ..
മുത്തശ്ശി  അതാ  ഗേറ്റിന്റെ അവിടെ വന്നു എത്തി നോക്കുന്നുണ്ട് . " ഡീ അമ്മുവേ നീയിങ്ങട്  വന്നാ പെണ്ണെ . ഈ നാട്ടുച്ചക്ക് ആ തൊട്ടിന്റെ അടുത്ത പോയി നിൽക്കാതെ "..
"മുത്തശ്ശി ഉറങ്ങിക്കോ ഞാൻ വേഗം വരാം ട്ടോ " .. എന്ന് പറഞ്ഞവൾ ചൂണ്ടയിലേക്ക് നോക്കി ... എന്തോ കൊളുത്തി വലിക്കുന്നുണ്ട് . .."ആഹ് കുഞ്ഞി പരൽ ആണല്ലോ "  അവൾ ചൂണ്ടൽ വലിച്ചെടുത്തു  അതിനെ പിടിച്ചു ഹോർലിക്‌സ് കുപ്പിയിലാക്കി ..

വീണ്ടും ഞാഞ്ഞൂൽ ചൂണ്ട തോട്ടിലേക്ക് ആഞ്ഞെറിഞ്ഞു .. ആരൊക്കെയോ നടന്നു വരുന്നുണ്ട് .. ചൂണ്ട എറിയുന്നതും നോക്കി ഒരാൾ അടുത്തു നിന്നു .." ഞാൻ  മോൾക്ക് മീനി നെ പിടിച്ചു  തരണോ "
അവളാ ചൂണ്ടൽ മടിച്ചു മടിച്ചു ആണെങ്കിലും അയാൾക്ക് നീട്ടി .. " വല്യ ആൾക്കാർ ചൂണ്ടയിടുമ്പോ വല്യ മീൻ കിട്ടിയാലോ ?"
അയാൾ അവളുടെ പേരും വീടുമൊക്കെ അന്വേക്ഷണം നടത്തി .
" അമ്മൂ ന്നാ എല്ലാരും വിളിക്കാ .. പക്ഷെ സ്കൂളിലെ പേര് മാളവിക ന്നാ" വളരെ നിഷ്കളങ്കമായി അവൾ പറഞ്ഞു ..
"അങ്കിൾ മോളെ  ചൂണ്ടൽ ഇടാൻ പഠിപ്പിക്കണോ .. നീട്ടിയെറിഞ്ഞാൽ വല്യ മീൻ വന്നു കൊത്തും " അയാൾ അവളെ ചേർത്തു പിടിച്ചുകൊണ്ട് ചൂണ്ടയെറിഞ്ഞു ..

**********************
" ഡീ അമ്മുവോ , ഇനി ഈ വയസാം കാലത്തു നീയെന്നെ കൊണ്ട് വടി എടുപ്പിക്കും " ..മുത്തശ്ശി വിളിക്കാൻ തുടങ്ങി കുറെ നേരമായി.. തോട്ടിനരികിൽ  ഹോർലിക്‌സ് കുപ്പിയിലെ പരൽമീൻ ചത്തമലച്ചിരുന്നു .. പ്ലാസ്റ്റിക് കവറിലെ മണ്ണിരകളൊക്കെ രക്ഷപെട്ട് കഴിഞ്ഞു . ചൂണ്ട തോട്ടിൻ കരയിൽ അനാഥമായി കിടക്കുന്നു .  അച്ഛനുമമ്മയും വന്നു .. നാട്ടുകാരും വീട്ടുകാരും എല്ലാവരും തിരഞ്ഞോടുവിൽ കുറച്ചകലെ ആയി കൈതക്കാടുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നഗ്നയായ അമ്മു ..പാദസ്വരത്തിൽ  ഒഴികെയെത്തുന്ന വെള്ളം ചെറിയ ചിതമ്പലുകൾ ഉണ്ടാക്കി .. ദേഹം മുഴുവൻ മാന്തി പൊളിച്ച പാടുകൾ ..  "ജീവനുണ്ട് .." ആരൊക്കെയോ പറയുന്നു .

പത്രത്താളുകളിൽ പുതിയ കോളം വാർത്ത വന്നു . " പുത്തനെല്ലുർ പീഡന കേസ്സ്  - അഞ്ചാം ക്ലാസ്സിലെ  വിദ്യാർത്ഥിനി ആണ്  ഇരയായത് ".
ദിവസങ്ങളും മാസങ്ങളും തീർന്നു .പ്രതീക്ഷയുടെ അവസാനശ്വാസവും നിലച്ചുകൊണ്ട് അമ്മു പോയപ്പോളേക്കും പത്രത്താളുകളിൽ ഇരകളുടെ എണ്ണം കൂടി കൊണ്ടിരുന്നു .. ഇരകളുടെ പേരുകൊണ്ട് പല സ്ഥലങ്ങളും  പത്രത്താളുകളിലും ചാനലുകളിലും പ്രസിദ്ധവുമായി .. ഇരകൾ തുടർന്ന് കൊണ്ടേയിരിക്കുന്നു ..


Preeja Akhil 

പ്രണയം ഒരു നേർകാഴ്ച

പ്രണയം ഒരു നേർക്കാഴ്ച
******************************

പ്രണയം അവന്

പ്രണയമവനൊരു     ലഹരിയാണ്..
മനസ്സിൽ നിന്നും ശരീരത്തിലേക്ക്    കെട്ടുപിണഞ്ഞ  വഴിത്താരകൾ സമ്മാനിക്കുന്ന ഉന്മാദം!

പ്രണയമവനൊരു സഞ്ചാരമാണ് ..
അവനിൽ ഒരു  നീരുറവയായി   പതിയെ പുഴയായി ഒടുവിൽ  അവളിൽ പതിക്കുന്ന കടൽ!

പ്രണയമവനൊരു ചിലന്തിവലയാണ്..
ആളൊഴിഞ്ഞ കോണിൽ പതിയിരുന്നവളെ വലിഞ്ഞു മുറുക്കി നിശ്ശബ്ദയാക്കുന്ന ചടുലത !

പ്രണയമവനൊരു  ചൂതാട്ടമാണ് …
ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന നെറികേടിന്റെ വഞ്ചനയുടെ പ്രത്യയശാസ്‌ത്രം!

പ്രണയമവനൊരു  ആഘോഷമാണ് ..
സിരകളിൽ പെരുമ്പറ കൊട്ടി ദ്രുതതാളമായ് പിടഞ്ഞു തീരുന്ന ജീവന്റെ
ആസുരത!

പ്രണയമവനെ തീവ്രവാദിയാക്കി !
തന്റെ ചിന്തകളും വിശ്വാസങ്ങളും മാത്രമാണ് ശെരിയെന്നു ചിന്തിക്കുന്നൊരു പ്രണയവാദി ..

പ്രണയം അവൾക്ക്
പ്രണയമവൾക്കൊരു വേദനാസംഹാരിയാണ് ...
ഹൃദയത്തിലേറ്റ മുറിവിന്റെ ആഴങ്ങലിൽനിന്നവളെ കൈപിടിച്ചുയർത്തുന്ന മാന്ത്രികസ്പർശം !

പ്രണയമവൾക്കൊരു  കളിപ്പാട്ടമാണ് ..
പല വർണ്ണങ്ങളിൽ മഴവില്ലു തീർക്കുന്ന ഉള്ളു പൊള്ളയായ ഒരു
നീർക്കുമിള !

പ്രണയമവൾക്കൊരു നെടുവീർപ്പാണ്
ശൈത്യകാലത്തെ നനുത്ത പ്രഭാതത്തിലെ കട്ടിപ്പുതപ്പിനുള്ളിൽ ഒരായിരം കഥകൾ മെനയുന്ന മൗനത്തിന്റെ താളം !

പ്രണയമവൾക്കൊരു ഇത്തിൾകണ്ണിയാണ്
അവളിൽനിന്നുയിർകൊണ്ട്  അവളുടെ നീരൂറ്റികുടിച്ചവളെ  ഇല്ലാതെയാക്കുന്ന
ആത്മവഞ്ചന  !

പ്രണയമവൾക്കൊരു തുരുത്താണ്‌
നൊമ്പരങ്ങളുടെയും മോഹഭംഗളുടെയും  കടൽ താണ്ടിയെത്തുമ്പോൾ
അകലങ്ങൾ കൂടുന്ന മരീചിക!

പ്രണയമവളെ   മാറാരോഗിയാക്കി !
അവളിലെ അവളെ അവൾ  പോലുമറിയാതെ ചിതയലേക്കെത്തിച്ച 
പ്രണയരോഗി!!


Akhil  Jayachandran